ബാഴ്സലോണ: സ്പെയിന്‍ സന്ദര്‍ശന വേളയില്‍ റിയല്‍ മാഡ്രിഡിന്റെ ബെര്‍ണബ്യൂ സ്റേറഡിയം സന്ദര്‍ശിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയതിന് പിന്നാലെ, ബാഴ്സലോണയിലെ വിഖ്യാത ദേവാലയമായ 'സഗ്രാഡ ഫാമിലിയ' (Sagrada Familia) യില്‍ ചരിത്രപരമായ തിരുക്കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ബുധനാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍, ബസിലിക്കയുടെ നിര്‍മ്മാണം പൂര്‍ത്തിയായ ഏറ്റവും ഉയര്‍ന്ന കേന്ദ്രഗോപുരമായ 'ടവര്‍ ഓഫ് ജീസസ് ക്രിസ്ററ്' (Tower of Jesus Christ) മാര്‍പ്പാപ്പ ആശീര്‍വദിച്ചു.
ഇതോടെ, 172.5 മീറ്റര്‍ (564 അടി) ഉയരവുമായി 'സഗ്രാഡ ഫാമിലിയ' ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ൈ്രകസ്തവ ദേവാലയമെന്ന പദവി ഔദ്യോഗികമായി കൈവരിച്ചു. ബസിലിക്കയുടെ വിഖ്യാത ശില്പി അന്തോണി ഗൗഡിയുടെ (Antoni Gaudi) നൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സന്ദര്‍ശനം.
കല്ലുകളുടെയും നിറങ്ങളുടെയും വെളിച്ചത്തിന്റെയും കാവ്യരചന; രാജകുടുംബവും പ്രധാനമന്ത്രിയും സാക്ഷി:
സ്പെയിനിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് ആവേശം പകര്‍ന്നു നല്‍കിയ വിശുദ്ധ കുര്‍ബാനയില്‍ സ്പെയിനിലെ രാജാവ് ഫെലിപ്പെ ആറാമന്‍, രാജ്ഞി ലെറ്റീഷ്യ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരും നൂറുകണക്കിന് വൈദികരും ലക്ഷക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.
മാര്‍പ്പാപ്പയുടെ സന്ദേശം: "സഗ്രാഡ ഫാമിലിയ വെറുമൊരു കെട്ടിടമല്ല, മറിച്ച് കല്ലുകളാലും വര്‍ണ്ണങ്ങളാലും വെളിച്ചത്താലും തീര്‍ത്ത ഒരു അത്ഭുത പ്രഘോഷണമാണ്. ഇതിന്റെ നിര്‍മ്മാണം ഇപ്പോഴും തുടരുന്നത് പോലെയാണ് ഓരോ ക്രിസ്ത്യാനിയുടെയും ആത്മീയ യാത്ര" എന്ന് മാര്‍പ്പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
കാടിന് സമാനമായ ഉള്‍ഭാഗം: പ്രകൃതിയെയും സുവിശേഷത്തെയുമാണ് ശില്പിയായ ഗൗഡി ഇതിന്റെ രൂപകല്‍പ്പനയ്ക്കായി ആശ്രയിച്ചത്. പള്ളിയുടെ ഉള്‍ഭാഗത്തെ വലിയ തൂണുകള്‍ ഒരു വലിയ കാട്ടിലെ മരങ്ങള്‍ പോലെയാണ് തോന്നിപ്പിക്കുക. സൂര്യപ്രകാശം ഉള്ളിലേക്ക് കടക്കുമ്പോള്‍ കിഴക്ക് വശത്തെ ജനലുകളില്‍ നീലയും പച്ചയും നിറങ്ങളും, പടിഞ്ഞാറ് വശത്ത് (യേശുവിന്റെ പീഡാനുഭവത്തെ സൂചിപ്പിക്കുന്ന ഭാഗത്ത്) ചുവപ്പും ഓറഞ്ചും നിറങ്ങളും പ്രകാശിക്കുന്നത് കാണാം.
മൊണ്ട്സെരാറ്റ് ആശ്രമ സന്ദര്‍ശനവും വികാരനിര്‍ഭരമായ നിമിഷങ്ങളും:
ബസിലിക്കയിലെ ചടങ്ങുകള്‍ക്ക് മുന്‍പായി മാര്‍പ്പാപ്പ കാറ്റലോണിയയിലെ പ്രശസ്തമായ മൊണ്ട്സെരാറ്റ് (Montserrat) മലനിരകളിലെ പതിനൊന്നാം നൂറ്റാണ്ടിലെ ബെനഡിക്ടിന്‍ ആശ്രമവും സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ വിഖ്യാതമായ 'ബ്ളാക്ക് മഡോണ' (Black Madonna) പ്രതിമയ്ക്ക് മുന്നില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ ആശ്രമത്തിലെ ചില വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളില്‍ ഇരകളായവരോട് ക്ഷമ ചോദിക്കാനും അവരെ ചേര്‍ത്തുപിടിക്കാനും മാര്‍പ്പാപ്പ ഈ അവസരം വിനിയോഗിച്ചു. തെറ്റുകള്‍ ചെയ്തവര്‍ക്കെതിരെ സഭ വെളിച്ചം വീശുമെന്നും ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്നും ഒപ്പമുണ്ടായിരുന്ന വൈദികര്‍ വ്യക്തമാക്കി.
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു മാര്‍പ്പാപ്പ സ്പെയിന്‍ സന്ദര്‍ശിക്കുന്നത്. ആധുനിക കാലത്തെ ജനങ്ങളുടെ മാനസികാരോഗ്യ പ്രതിസന്ധികളെക്കുറിച്ചും ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയും മാര്‍പ്പാപ്പ ബാഴ്സലോണയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ ശക്തമായി സംസാരിച്ചു.

Comments: